Sunday, 1 December 2013

ഓലന്‍

ആവശ്യമുള്ള സാധനങ്ങള്‍ 


ഓലന്‍ തയാറാക്കാന്‍ അധികം മൂപ്പില്ലാത്ത
ഒരു കിലോ കുമ്പളങ്ങ,
വന്‍പയര്‍ 100 ഗ്രാം,
വെളിച്ചെണ്ണ ആവശ്യത്തിന്,
കറിവേപ്പില ആവശ്യത്തിന്,
ഉപ്പ്- ആവശ്യത്തിന്,
തേങ്ങാപ്പാല്‍ ഒരുകപ്പ്.

തയ്യാറാക്കുന്ന വിധം 

എല്ലാം എടുത്തുകഴിഞ്ഞാല്‍ കുമ്പളങ്ങ തൊലി കളഞ്ഞ് 2 ഇഞ്ച് കനത്തില്‍ അരിഞ്ഞുവയ്ക്കുക. വെള്ളപ്പയര്‍ കഴുകി ഒരു പാത്രത്തിലാക്കി അരിഞ്ഞുവച്ചിരിക്കുന്ന കുമ്പളങ്ങ ഇട്ട് ഒരു കപ്പ് വെള്ളമൊഴിച്ച് ഉപ്പുചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. ആവി പോകാതെ അടച്ചുവയ്ക്കണം. അരമണിക്കൂര്‍ കഴിയുമ്പോള്‍ തവികൊണ്ട് ഉടച്ചു യോജിപ്പിക്കുക. അതിനു ശേഷം തേങ്ങാപ്പാലും വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് നല്ലവണ്ണം തിളച്ചു യോജിപ്പിച്ചു വാങ്ങുക. കുറച്ച് എടുത്ത് സ്വാദ് നോക്കിക്കോളൂ. ഗംഭീരമായിട്ടില്ലേ.

കാളന്‍

ആവശ്യമുള്ള സാധനങ്ങള്‍


നേന്ത്രക്കായ 4 എണ്ണം,

ചേന- അരകിലോ,
പച്ചമുളക്- 20 എണ്ണം,
കുരുമുളകു പൊടി 4 ടേബിള്‍ സ്പൂണ്‍,
, മഞ്ഞള്‍പൊടി 4 ടീസ്പൂണ്‍,
വെളിച്ചെണ്ണ 250 മില്ലി,
കടുക് 30 ഗ്രാം,
വറ്റല്‍ മുളക്-10 എണ്ണം,
ഉലുവാപ്പൊടി രണ്ട് ടീസ്പൂണ്‍,
നെയ്യ് 50 ഗ്രാം,
തൈര് 3 ലിറ്റര്‍,
ജീരകം 2 ടീസ്പൂണ്‍,
നാളികേരം-3,
കറിവേപ്പില ആവശ്യത്തിന്,
ഉപ്പ് പാകത്തിന്.

തയ്യാറാക്കുന്ന വിധം 


ചേന, നേന്ത്രക്കായ കഷണങ്ങളാക്കി വെളിച്ചെണ്ണ ഒഴിച്ച് കുരുമുളകു പൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിച്ച് വെള്ളം വറ്റിക്കുക. ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കിയ ശേഷം തൈര് ഒഴിച്ച് ഇരുപതു മിനിറ്റ് വറ്റിക്കുക. പിന്നീട് നാളികേരവും വറ്റല്‍ മുളകും ജീരകവും വെണ്ണപോലെ അരച്ചുചേര്‍ത്ത് നന്നായി ഇളക്കുക. ചെറുതായി പത വരുംപോലെ തോന്നിയാല്‍ ശേഷിച്ച വെളിച്ചെണ്ണയില്‍ കടുക് താളിച്ച് ചേര്‍ക്കുക. തുടര്‍ന്ന് ഉലുവാപ്പൊടി ഇട്ട് ഇളക്കുക. നെയ്യും ചേര്‍ത്ത് നന്നായി ഒന്നുകൂടി ഇളക്കുക. കാളന്‍ റെഡി. ഇനി ആവശ്യംപോലെ കഴിക്കാം.

Saturday, 30 November 2013

പാല്‍പായസം

 

ആവശ്യമുള്ള സാധനങ്ങള്‍ :
1. ഉണക്കലരി - 1 ലിറ്റര്‍
2. പാല്‍ - 2 ലിറ്റര്‍
3. പഞ്ചസാര - 500 ഗ്രാം
4. നെയ്യ് - 200 ഗ്രാം
5. കിസ്മസ് -10 ഗ്രാം
6. അണ്ടിപരിപ്പ് - 10 ഗ്രാം
7. ഏലക്കായ് - 5 ഗ്രാം
8. കുങ്കുമപൂവ് - 5 ഗ്രാം

തയ്യാറാക്കുന്ന വിധം :
ഉണക്കലരി കഴുകി വൃത്തിയാക്കുക. അണ്ടിപ്പരിപ്പ് പൊട്ടിച്ച് ചെറുകഷണങ്ങളാക്കുക. കിസ്മസിന്റെ കാമ്പു കളഞ്ഞ് കഴുകി എടുത്തിരിക്കണം. ഏലക്കായ് തൊളി കളഞ്ഞ് പൊട്ടിച്ചെടുത്തുവെക്കുക.
പാല്‍ നല്ലതുപോലെ തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കിയ ഉണക്കലരി അതിലിട്ട് വേവിക്കുക. പഞ്ചസാരയും നെയ്യും കുറേശ്ശെ വീതം അതിലിട്ട് ഇളക്കണം. പാല് കുറുകണം. അരിവെന്തു കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പും കിസ്മസും കുങ്കുമപൂവും ഏലക്കായും ഈ മിശ്രിതത്തില്‍ ഇട്ട് ഇളക്കിവച്ച് 10 മിനിട്ട് അടച്ചു വക്കണം.

അടപ്രഥമന്‍

അട എന്നു പറയുന്നത് അരി അടിച്ചു പരത്തിയുണ്ടാക്കുന്ന കഷണങ്ങളും പ്രഥമനെന്നു പറയുന്നത് അട ഇടുന്ന മധുരമുള്ള തേങ്ങാപ്പാലുമാണ്.

പ്രഥമന്‍ എന്നതിന്റെ അര്‍ത്ഥം ഒന്നാമന്‍ എന്നാണ്. അതിനാല്‍ അടപ്രഥമനാണ് പായസങ്ങളില്‍ ഒന്നാമന്‍. ഇക്കാലത്ത് പ്രഥമന്‍ വീട്ടിലുണ്ടാക്കുമ്പോള്‍ അട സാധാരണയായി വാങ്ങിക്കുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും വീട്ടില്‍ ഉണ്ടാക്കുന്ന അട വളരെ നേര്‍ത്തതും എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതുമാണ്.

ചേരുവകള്‍
  • പച്ചരി - 1 കപ്പ്
  • പഞ്ചസാര - 1 കപ്പ്
  • തേങ്ങ - 2 എണ്ണം
  • ശര്‍ക്കര - 1/2 കിലോ

അലങ്കരിക്കുന്നതിന്

  • കശുവണ്ടിപ്പരിപ്പ് - 1/4 കപ്പ്
  • ഉണക്കമുന്തിരി -1/4 കപ്പ്
  • ഏലയ്ക്ക - 6 എണ്ണം
  • വറുക്കുന്നതിനാവശ്യമായ നെയ്യ്

തയ്യാറാക്കുന്ന വിധം
അടമാവ് തയ്യാറാക്കുന്ന വിധം.
ഒരു മണിക്കൂര്‍ അരി കുതിര്‍ത്തു വെയ്ക്കുക.അതിനുശേഷം കഴുകിയെടുത്ത് 2 മണിക്കൂര്‍ ഒരു തുണിയില്‍ വെച്ച് ഉണക്കിയെടുക്കുക. അതിനുശേഷം നന്നായി പൊടിച്ചെടുത്ത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.

ഇതിലേക്ക് 2 ടീസ്്പൂണ്‍ ഉരുക്കിയ നെയ്യ് , 2 ടീസ്്പൂണ്‍ പഞ്ചസാര, അല്‍പം ചൂടുവെള്ളം എന്നിവ ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക.

അട തയ്യാറാക്കുന്ന വിധം
വാഴയിലയെടുത്ത് ഏകദേശം 6 ഇഞ്ച് വലിപ്പത്തിലുള്ള സമചതുരങ്ങളായി മുറിക്കുക. ഇല തീയില്‍ പിടിച്ച് വാട്ടിയെടുക്കുക.

ഒരു വലിയ പാത്രത്തില്‍ വെള്ളം നന്നായി തിളപ്പിക്കുക. ഒരു ചെറു നാരങ്ങയുടെ വലുപ്പത്തില്‍ അടയുടെ മാവെടുത്ത്
വാഴയിലയില്‍ പരത്തുക.ഉടന്‍ തന്നെ ചൂടുവെള്ളത്തിലിടുക. മുഴുവന്‍ മാവും ഇങ്ങനെ തന്നെ ചെയ്യുക. അട നന്നായി വെന്തു കഴിയുമ്പോള്‍ അത് പൊങ്ങിക്കിടക്കും.

ഒരേ സമയം മൂന്നോ നാലോ അട നമ്മുക്ക് പുഴുങ്ങിയെടുക്കാന്‍ സാധിക്കും. വാഴയിലയില്‍ നിന്നും അട ഇളക്കിയെടുത്ത് ശുദ്ധമായ വെള്ളത്തില്‍ മൂന്നോ നാലോ തവണ കഴുകിയെടുക്കുക. അതിനു ശേഷം നന്നായി മുറിച്ചെടുക്കുക.

അടപ്രഥമന്‍ തയ്യാറാക്കുന്ന വിധം
ചിരകിയെടുത്ത തേങ്ങയില്‍ നിന്നും 1/4 കപ്പ് ഒന്നാം പാല്‍, 1 1/2 കപ്പ് രണ്ടാം പാല്‍, 2 കപ്പ് മൂന്നാം പാല്‍, എന്നിവ തയ്യാറാക്കുക.

പാത്രം ചൂടാക്കിയ ശേഷം 1/4 കപ്പ് നെയ്യ് ഒഴിച്ച് അട വറുത്തെടുക്കുക. 3-ാം പാല്‍, ശര്‍ക്കര, പഞ്ചസാര, എന്നിവ ചേര്‍ത്ത് 10 മിനിറ്റ് ചെറുതീയില്‍ നന്നായി തിളപ്പിക്കുക.

2-ാം പാല്‍ ചേര്‍ത്ത് 5 മിനിട്ട് തിളപ്പിക്കുക. ഒന്നാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി പെട്ടന്നു തന്നെ അടുപ്പില്‍ നിന്നും മാറ്റുക. 1 ടീസ്പൂണ്‍ ഏലയ്ക്കാപൊടി, വറുത്തു വെച്ച കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരിങ്ങ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിവ അറിയാത്തവര്‍ക്കായി വിശദീകരിക്കാം. തേങ്ങ അല്പം വെള്ളമൊഴിച്ച് മിക്‌സിയലടിച്ച് പിഴിഞ്ഞെടുക്കുമ്പോള്‍ ആദ്യം കിട്ടുന്നതാണ് ഒന്നാം പാല്‍.ഇതിനായി അധികം വെള്ളം ഒഴിക്കാന്‍ പാടില്ല. വീണ്ടും തേങ്ങയില്‍ വെള്ളമൊഴിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുമ്പോള്‍ കിട്ടുന്നതാണ് 2-ാം പാല്‍. 3-ാമതും അല്പം വെള്ളമൊഴിച്ച് മിക്‌സിയില്‍ അടിച്ചാല്‍ 3 -ാം പാല്‍ കിട്ടും